Thursday, July 06, 2006

ജ്യോതിഷവും വിശ്വാസവും

In response to ബൂലോഗ‌ ക്ലബ്ബ്‌: കൊള്ളാല്ലോ ഗഡി..

ജ്യോതിഷത്തെ ഞാന്‍ പൂര്‍ണ്ണമായും സപ്പോര്‍ട്ട്‌ ചെയ്യുന്നില്ല. ജ്യോതിഷത്തിലെ പ്രവചനങ്ങള്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതിന്‌ ഒരു കാരണം കണ്ടെത്താന്‍ കഴിയുമോ എന്ന അന്വേഷണമാണ്‌ ഈ പോസ്റ്റ്‌.

മനസ്സില്‍ സംഭവിക്കുന്ന ജീവിതം.
"തിയറി ഓഫ്‌ ഇന്റന്‍ഷന്‍" പ്രകാരം ജീവിതത്തില്‍ സംഭവിക്കുന്ന ഇവന്റുകള്‍ അതിനും മുന്നേ മനസ്സില്‍ സംഭവിക്കുന്നു എന്ന്‌ പറയാറുണ്ട്‌. അതായത്‌ നിങ്ങളുടെ ജീവിതം നിങ്ങള്‍ തന്നെ നിര്‍ണ്ണയിക്കുന്നു, നിങ്ങളുടെ ചിന്തകളിലൂടെ. ഭാവിയില്‍ സംഭവിക്കേണ്ടുന്ന ജീവിതത്തെ മനസ്സിലെ ഇപ്പോഴത്തെ ചിന്തകള്‍ കൊണ്ട്‌ നിയന്ത്രിക്കുക എന്നത്‌ രസകരമായ കാര്യം തന്നെയല്ലേ. പക്ഷേ പലര്‍ക്കും അതിനു കഴിയാറില്ല. കാരണം വെറുതെ മനസ്സില്‍ ഒന്നോ രണ്ടോ തവണ വിചാരിച്ചാല്‍ കാര്യം നടക്കില്ല. അത്‌ ദീര്‍ഘമായ, ആഴത്തിലുള്ള ചിന്തകളായിരിക്കണം. എനിക്കിത്‌ മലയാളത്തില്‍ എഴുതാന്‍ പറ്റുന്നില്ല...

If you set certain objectives and focus on them intensely, obsessively, for prolonged periods of time (probably years...), you can make those intensions come true in your life as you wish.

ദീര്‍ഘകാല യാഥാര്‍ത്ഥ്യങ്ങള്‍.
ജ്യോതിഷത്തില്‍ അന്ധമായ വിശ്വാസമുള്ള ഒരാളിന്റെ കാര്യം നോക്കുക. അയാളോട്‌ നിങ്ങള്‍ ഇത്ര വയസ്സില്‍ മരിക്കുമെന്ന് ഒരു പ്രവചനം നടത്തിയാല്‍ എന്തായിരിക്കും സംഭവിക്കുക? പാവം, അയാള്‍ ജീവിതത്തിന്റെ ഭൂരിഭാഗവും അബോധ മനസ്സിലും ബോധ മനസ്സിലും ഈ 'വിവരം' ചുമന്നു കൊണ്ട്‌ നടക്കും. ഇങ്ങനെ കൊത്തിവയ്ക്കപ്പെട്ട ഒരു പ്രവചനം സംഭവിക്കാനുള്ള സാധ്യതയും വളരെ വലുതാണെന്നതാണ്‌ തിയറി ഓഫ്‌ ഇന്റന്‍ഷന്‍ പറയുന്നത്‌. മരണഭയവും അന്ധവിശ്വാസവും കൂടി ഈ മാനസിക പ്രവര്‍ത്തനത്തിന്‌ വലിയൊരു ശക്തി നല്‍കുന്നുണ്ട്‌. ഒപ്പം അയാളുടെ ചുറ്റുമുള്ള മറ്റു വ്യക്തികളുടെ ചിന്തകളും ഈ പ്രവചനം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പങ്കു വഹിക്കും.

അപ്പോള്‍ ലോട്ടറിയടിക്കുമെന്ന് ദിവസവും സ്വപ്നം കണ്ടാല്‍ ലോട്ടറി അടിക്കുമോ എന്നു ചോദിച്ചാല്‍, അടിക്കും എന്നു തന്നെയാണ്‌ ഉത്തരം. പക്ഷേ It depends on the power and focus of intention.

ഹ്രസ്വകാല യാഥാര്‍ത്ഥ്യങ്ങള്‍.
ഈ തിയറി പൊളിഞ്ഞു പോയ ഒരു അനുഭവമുണ്ട്‌. ഇത്‌ ഒരു നടന്ന സംഭവമാണ്‌. എന്റെ സുഹൃത്തിന്റെ ജ്യോതിഷാലയത്തില്‍ ഞങ്ങള്‍ ഇരിക്കുമ്പോള്‍, ഒരാള്‍ ജ്യോതിഷാലയത്തിലെത്തുന്നു. അയാളോട്‌ കാര്യങ്ങളൊക്കെ ചോദിച്ച്‌, പ്രശ്നപരിഹാരങ്ങളൊക്കെ പറഞ്ഞ്‌, ജ്യോതിഷി അയാളെ മടക്കി അയയ്ക്കുന്നു. പ്രശ്നങ്ങളൊന്നുമില്ല, ആള്‍ പരമ സന്തോഷവാന്‍. അയാള്‍ പുറത്തിറങ്ങിയതും എന്റെ സ്നേഹിതന്‍ എന്നോട്‌ പറഞ്ഞു, ഇതയാളുടെ അവസാന യാത്രയായിരിക്കുമെന്ന്. ഇതു പക്ഷേ അയാളോട്‌ പറഞ്ഞിട്ടില്ല എന്നോര്‍ക്കുക. ഈ വ്യക്തി സൈക്കിളില്‍ വീട്ടിലേക്ക്‌ മടങ്ങും വഴി ഒരു ആക്സിഡന്റില്‍ മരിച്ചു.

ഒരു പക്ഷേ ഇതിനു മുന്‍പ്‌ മറ്റാരെങ്കിലും അയാളോട്‌ ഇങ്ങനെ ഒരു പ്രവചനം നടത്തിയിട്ടുണ്ടാവാം എന്നൊരു മറുവാദം മാത്രമേയുള്ളൂ.

വിശ്വാസികളുടെ രോഗം മാറുന്നതു പോലെ, വിശ്വസിക്കുന്നവര്‍ക്കേ ജ്യോതിഷം ഫലിക്കാന്‍ സാധ്യതയുള്ളൂ.


ഓഫ്‌ ടോപിക്‌:
ഇന്നാണ്‌ ഉമേഷിന്റെ പ്രതികരണം ബ്ലോഗ്‌ കണ്ടത്‌. ഞാന്‍ വളരെയേറെ ആദരിക്കുന്ന ഒരു വ്യക്തിയാണ്‌ ഉമേഷ്‌. അദ്ദേഹം എന്റെ ഒരു നിര്‍ദ്ദേശത്തെ അംഗീകരിക്കുന്നു എന്നറിയുന്നത്‌ വളരെയേറെ സന്തോഷം നല്‍കുന്ന കാര്യമാണ്‌. പ്രതികരണം ബ്ലോഗുകള്‍ തുടങ്ങാന്‍ ഇനിയും ആളുകള്‍ മുന്നോട്ട്‌ വരുമെന്ന് പ്രതീക്ഷിക്കാം.

Sunday, May 14, 2006

ഇടതുപക്ഷം അറിയേണ്ടത്

കേരള രാഷ്ട്രീയത്തില്‍ ഒരു തരം ഒത്തുതീര്‍പ്പുകള്‍ മാത്രമാണ് നടക്കുകയെന്ന് തോന്നാറുണ്ട്. അഞ്ച് വര്‍ഷം ഒരാള്‍, അടുത്ത അഞ്ച് വര്‍ഷം അടുത്തയാള്‍.... അങ്ങനെ മാറിയും തിരിഞ്ഞും വരുന്ന ഭരണം/രാഷ്ട്രീയം. മലയാളിയുടെ രാഷ്ട്രീയബോധമില്ലായ്മയും മറവിയുമാണ് ഇതിന്റെ കാരണമെന്നു തോന്നുന്നു.

പക്ഷേ ഇടതുപക്ഷപ്രസ്ഥനത്തിന് അതേ മറവിയുണ്ടായാലോ? ഉണ്ടാവരുത്.

എന്തു കൊണ്ടാണ് ഇപ്പോള്‍ ജയിച്ചതെന്നല്ല ഇടതുപക്ഷം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. പകരം എന്തു കൊണ്ടാണ് കഴിഞ്ഞ തവണ തോറ്റതെന്നായിരിക്കണം.
എക്സ്പ്രസ് വേയും സ്മാര്‍ട്ട് സിറ്റിയുമല്ല, പകരം കേരളത്തിന്റെ വികസനം എങ്ങനെ എന്നാണ് ചര്‍ച്ച ചെയ്യേണ്ടത്.
ആര്‍ക്കാണ് മന്ത്രിയാവേണ്ടത് എന്നല്ല, ജനകീയാസൂത്രണം നടപ്പിലാക്കിയപ്പോള്‍ വന്ന പാളിച്ചകളെന്ത് എന്നാവണം ചര്‍ച്ച ചെയ്യേണ്ടത്.

അല്ലെങ്കില്‍, അഞ്ചു വര്‍ഷത്തിനുശേഷം വീണ്ടും പരാജയം രുചിക്കാം. ഒത്തുതീര്‍പ്പുകള്‍ തുടരാം. ബോധമുള്ള ന്യൂനപക്ഷമലയാളികളെ രാഷ്ട്രീയബോധമില്ലാത്ത ഭൂരിപക്ഷത്തേക്ക് തള്ളി വിടാം.

Thursday, May 11, 2006

പൂത്തുലയുന്ന ഇടതുപക്ഷം

ഇടതുപക്ഷം പിന്നെയും അധികാരത്തിലെത്തുമ്പോള്‍ അവരെ കാത്തിരിക്കുന്നത് കൂടുതല്‍ സങ്കീര്‍ണ്ണങ്ങളായ പ്രശ്നങ്ങളാണ്. ആര് മുഖ്യമന്ത്രിയാകും എന്ന ഉള്‍പ്പാര്‍ട്ടി തര്‍ക്കം മുതല്‍ പ്രശ്നങ്ങള്‍ തുടങ്ങും. പിന്നെ സ്മാര്‍ട്ട്സിറ്റിയെന്ന പ്രശ്നം അധികം താമസിയാതെ മുന്നിലെത്തും. അവിടെയാവും ഈ മന്ത്രിസഭയുടെ ഭാവി നിര്‍ണ്ണയിക്കപ്പെടുകയെന്നു തോന്നുന്നു. സ്മാര്‍ട്ട്സിറ്റിയെ വേണ്ട മാറ്റങ്ങളോടെ നടപ്പിലാക്കാന്‍ ഇടതു പക്ഷത്തിനു കഴിയുമോ?

സ്മാര്‍ട്ട്സിറ്റിയെക്കാള്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടെന്നത് വി. എസിനറിയാം. പക്ഷേ മറുപക്ഷത്തിന്റെ പിന്തുണ വി. എസിനില്ലാത്തത് ഒരു പ്രശ്നമാകും. പക്ഷേ ഭൂരിപക്ഷം വരുന്ന കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് ക്രിയാത്മകമായ പരിഹാരങ്ങളൊന്നും മുന്നിലില്ല എന്നതായിരിക്കും ഇടതു പക്ഷം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കാര്‍ഷിക മേഖലയെ ഇനി പുനരുദ്ധരിക്കാമെന്ന വിശ്വാസം ആര്‍ക്കും ഉണ്ടെന്നു തോന്നുന്നില്ല. തെങ്ങ്/നെല്ല് - ഇവ രണ്ടും ഇനി കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ സഹായിക്കാനാവാത്ത വിധം തളര്‍ന്നു കിടക്കുന്ന മേഖലകളാണ്. കേരളത്തില്‍ നെല്ലും തേങ്ങയും കുറഞ്ഞ ചിലവില്‍ ഉത്പാദിപ്പിക്കാമെന്ന പ്രതീക്ഷയും ഇനി വേണ്ട. ഏതാണ് അതേ അവസ്ഥ തന്നെയാണ് കയറ്റുമതി ചെയ്യപ്പെടുന്ന നാണ്യവിളകളുടെ കാര്യവും. അന്താരാഷ്ട്ര വിപണിയില്‍ വിലപിടിച്ചു നിര്‍ത്താല്‍ കഴിയാത്തിടത്തോളം, കര്‍ഷകന് അവിടെയും രക്ഷയില്ല. വളരെ ചെറുകിട കര്‍ഷകരാണ് നമുക്കുള്ളത്. ആഭ്യന്തരവിപണിയില്‍ പിടിച്ചു നില്‍ക്കാനല്ലാതെ, അന്താരാഷ്ട്രവിപണിയില്‍ കളിക്കാനുള്ള കരുത്ത് കേരളത്തിലെ കര്‍ഷകനുണ്ടോ എന്നതു സംശയം. കേരളത്തിലെ കര്‍ഷകനെ രക്ഷിക്കാനുള്ള ഒരു മാര്‍ഗ്ഗം ഭക്ഷ്യസംസ്കരണ വ്യവസായം ആയിരിക്കുമെന്നു തോന്നുന്നു. പക്ഷേ ആ മാറ്റം തുടങ്ങി വയ്ക്കാനുള്ള കരുത്ത്/ചിന്ത ഇടതുപക്ഷത്തിനുണ്ടോ?

കശുവണ്ടി/കയര്‍ വ്യവസായവും തകര്‍ച്ചയിലാണ്. അവിടെയും പ്രശ്നം ഉത്പാദനച്ചിലവ് തന്നെ. പക്ഷെ കാര്‍ഷികമേഖലയെക്കാളും പ്രതീക്ഷയുള്ള ഇടമാണിതെന്നു തോന്നുന്നു. പ്രത്യേകിച്ചും ക്വാളിറ്റിയുടെ കാര്യത്തില്‍ കേരളത്തിനുള്ള മുന്‍‌തൂക്കം മുതലെടുക്കാനാവുമെങ്കില്‍...

ഇവിടെയെല്ലാമുള്ള വലിയൊരു പ്രശ്നമുണ്ട്. മലയാളിയുടെ ജീവിത നിലവാരം ഇന്ത്യയിലെയും അതുപോലെ നമ്മള്‍ മത്സരിക്കുന്ന മറ്റു രാജ്യങ്ങളിലെയും ജീവിതനിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ഉയര്‍ന്നതാണ്. അപ്പോള്‍ അതിനനുസരിച്ച് ജീവിതച്ചിലവും, ഉത്പാദനച്ചിലവും വര്‍ദ്ധിക്കുകയും ചെയ്യും. ചീനയില്‍ വമ്പന്‍ സമ്പദ്‌വ്യവസ്ഥയാണെങ്കിലും കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജീവിത നിലവാരം വളരെ താഴ്ന്നതും ഉത്പാദനച്ചിലവ് വളരെ തുച്ഛവുമാണ്. അതിനാലാണല്ലോ അവര്‍ക്ക് കയറ്റുമതി ചെയ്യുന്ന വസ്തുക്കള്‍ കുറഞ്ഞ ചിലവില്‍ വില്‍ക്കാന്‍ കഴിയുന്നതിന്റെ ഒരു കാരണം. കയറ്റിറക്കു നികുതികളിലെ വ്യത്യാസവും മറ്റൊരു കാരണം തന്നെ. ഇതിനൊരു പോം വഴി കുറഞ്ഞ ചിലവില്‍ കൂലിക്കാളിനെ ഇറക്കുകയെന്നതാണ്. പക്ഷേ നമ്മുടെ ചെറുകിട കര്‍ഷകര്‍ക്ക് അതിനു കഴിയുമോ?

കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്നം കാര്‍ഷിക സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് മുന്നോട്ട് പോകുന്നത് എങ്ങനെയെന്നതാണ്. യൂറോപ്പും അമേരിക്കയും കാര്‍ഷിക വ്യവസ്ഥയില്‍ നിന്ന്, വ്യാവസായിക വിപ്ലവത്തിലൂടെ ആ മുന്നേറ്റം നടത്തിയപ്പോള്‍, കേരളം വ്യാവസായിക മേഖലയെ തഴഞ്ഞു കൊണ്ടാണ് ഈ മുന്നേറ്റത്തിനു ശ്രമിക്കുന്നത്. അത് എത്രമാത്രം ഫലപ്രദമാകും? ഇടതുമുന്നണിക്ക് അത്രയും കരുത്തും ദീര്‍ഘദര്‍ശനവും ഉണ്ടോ?

ടൂറിസം മേഖലയെ വളര്‍ത്തുകയും ബഹുഭൂരിപക്ഷം വരുന്ന കാര്‍ഷികമേഖലയിലെ പണിക്കാരെ ടൂറിസം മേഖലയിലേക്കു മാറ്റുവാനും കഴിഞ്ഞാല്‍ ഒരു വലിയ തൊഴിലില്ലായ്മപ്രശ്നം പരിഹരിക്കാന്‍ പറ്റും. sslc/degree/pg കഴിഞ്ഞ് പാടത്തിറങ്ങാന്‍ മടിച്ച് നടക്കുന്ന ഒരു വലിയ വിഭാഗത്തിന് ടൂറിസം മേഖലയിലേക്ക് മാറാന്‍ ബുദ്ധിമുട്ടുണ്ടകുമെന്നു തോന്നുന്നില്ല. ഒപ്പം സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നിറങ്ങുന്നവര്‍ക്ക് ഐ. ടി മേഖലയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയണം.

പ്രശ്നം കാഴ്ചപ്പാടുകളുടേതാണ്. മലയാളി ജനതയുടെ ചിന്തകളെ/കാഴ്ചപ്പാടുകളെ മാറ്റിയെഴുതാന്‍ ഇടതുപക്ഷത്തിനു കഴിയുമോ? കഴിയണം. “നമ്മള് കൊയ്യും വയലുകളെല്ലാം, നമ്മുടെതാകും പൈങ്കിളിയേ... “ എന്ന് ഒരു ജനതയെക്കൊണ്ട് ആവേശപൂര്‍വ്വം പാടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കില്‍, ഒരിക്കല്‍ക്കൂടി മലയാളിയുടെ മനസ്സിനെ മാറ്റിയെടുക്കാന്‍ ഇടതുപക്ഷത്തിനു കഴിയും. അല്ല, അവര്‍ക്കു മാത്രമേ അതിനു കഴിയൂ!! ക്ഷ്ഒരു മാറ്റത്തിനു പ്രതീക്ഷിച്ചുകൊണ്ട്....

Friday, April 28, 2006

സ്മാര്‍ട്ട് സിറ്റി

സ്മാര്‍ട്ട് സിറ്റി

ദീപക്കും ബെന്നിയും ചെയ്തത് നല്ല കാര്യം. പക്ഷേ ഈ ഇടതു പക്ഷം പറയുന്ന ഒരു വാദം കൂടി പൊളിച്ചു കാണിക്കണമായിരുന്നു.

“സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിടുന്നതും നടപ്പിലാക്കുന്നതും റിയല്‍ എസ്റ്റേറ്റ് കമ്പനികളാണ്”

അത് സത്യം തന്നെ. അതിലെന്താ കുഴപ്പം? ലോകത്തെ മിക്ക ഐ. ടി പാര്‍ക്കുകളും നിര്‍മ്മിക്കുന്നത് റിയല്‍ എസ്റ്റേറ്റ്കാരാണ്. ഐ. ടി കമ്പനികള്‍ക്ക് കെട്ടിടമുണ്ടാക്കലല്ല പണി. എപ്പോഴും അവര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ (infrastructure development) ചെയ്തു കൊടുക്കുന്നത് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ തന്നെയാണ്. അല്ലാതെ മൈക്രോസോഫ്റ്റും ഓറക്കിളുമൊന്നും കെട്ടിടം പണിയാനോ അനുബന്ധസൌകര്യങ്ങള്‍ ഉണ്ടാക്കാനോ ശ്രമിക്കില്ല. അതിനവര്‍ക്ക് സമയവും പരിചവും ഇല്ല എന്നതു തന്നെ കാരണം. അതുകൊണ്ട് ഇടതുപക്ഷം ആ പുകമറ അങ്ങ് മാറ്റിയാല്‍ നന്ന്.

അപ്പോള്‍ പുകമറ ഇടതും വലതും ഒരുപോലെ ഉണ്ടാക്കുന്നുണ്ടെന്ന് മനസ്സിലായില്ലേ!!!

സംവരണം എന്തിന്?

ശ്രീജിത്തിന്റെ പോസ്റ്റിനുള്ള മറുപടി

സംവരണത്തെ അനുകൂലിക്കുന്നവര്‍ അതിന്റെ ആനുകൂല്യം ലഭിക്കുന്നവരും സംവരണത്തെ പ്രതികൂലിക്കുന്നവര്‍ അതിനാല്‍ നഷ്ടം സംഭവിക്കുന്നവരുമാണ്.

ഇതല്ലേ സത്യം? ഞാന്‍ പറയുന്നത് സാംസ്കാരികമായി, ജാതിക്കതീതമായി ചിന്തിക്കാന്‍ കഴിയുന്ന ന്യൂനപക്ഷത്തെക്കുറിച്ചല്ല. ബഹുഭൂരിപക്ഷം മലയാളികളുടെ മനസ്സിലിരിപ്പിനെക്കുറിച്ചാണ്. തല്‍ക്കാലം മലയാളി മനസ്സ് വളരെ ഇടുങ്ങിയ ചിന്താഗതികളില്‍ കുടുങ്ങിക്കിടക്കുകയാണെന്നതാണ് വാസ്തവം. മക്കള്‍ക്ക് സംവരണം ലഭിക്കാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ്, ചെറിയ തോതില്‍ ജാതിയില്‍ തിരിമറി നടത്തിയവരുണ്ട്. പക്ഷേ അവരും തീരെയങ്ങ് താഴാന്‍ തയ്യാറായില്ല. സംവരണം കിട്ടാന്‍ വേണ്ട് കാശ് കൊടുത്ത് ജാതിസര്‍ട്ടിഫിക്കറ്റുകള്‍ തരമാക്കിയവരുമുണ്ട്. സംവരണത്തെ എതിര്‍ക്കുന്നവര്‍ തന്നെയാണ്, മാനേജ്മെന്റ് ക്വോട്ടയെ എതിര്‍ത്തതും, കാരണം കാശില്ല എന്നതു തന്നെ. ചുരുക്കത്തില്‍ സമൂഹത്തെക്കുറിച്ചോ, പിന്നോക്കക്കാരെക്കുറിച്ചോ ഒന്നും ആരും ചിന്തിക്കുന്നില്ല. എല്ലാവര്‍ക്കും സ്വന്തം കാര്യം സിന്ദാബാദ്.

ഒരിക്കല്‍ക്കൂടി പറയാം, ഞാന്‍ പറയുന്നത് ബഹുഭൂരിപക്ഷം ആള്‍ക്കാരെക്കുറിച്ചാണ്. അവര്‍ക്ക് പ്രത്യേകിച്ച് സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക പ്രതിബദ്ധതയൊന്നുമില്ല.

സംവരണം കൊണ്ട് ആരുടെയെങ്കിലും ചിന്താഗതി മാറുമോ? സംവരണത്തെ അനുകൂലിക്കുന്നവര്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. നമുക്ക് സംവരണ മണ്ഡലങ്ങളുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന കാര്യം ചര്‍ച്ച ചെയ്തപ്പോള്‍, ഒരു മുന്നോക്കന്‍ പറഞ്ഞതെന്താണെന്നോ - ഞാന്‍ വോട്ട് ചെയ്യുന്നില്ല... ഞങ്ങടേത് സംവരണ മണ്ഡലമാ... നമ്മളെന്തിനാ ഇവനൊക്കെ വോട്ട് ചെയ്യുന്നത്?.

ഇനി സംവരണമൊക്കെ കഴിഞ്ഞ് ഒരാള്‍ കളക്ടറാ‍യി... മുന്നോക്കന്‍ പറയുന്നതോ... ഓ അവന്‍ മറ്റതാ.... വിശേഷണം ചേര്‍ത്തേ ജനം ബഹു കളക്ടറെക്കുറിച്ച് സംസാരിക്കൂ...

കലാഭവന്‍ മണിയുടെ ഒരു പ്രോഗ്രാം ടി. വി യില്‍ കാണിക്കുന്നു. ആഡിറ്റോറിയത്തില്‍ നല്ല ആളുണ്ട്. കണ്ടിരുന്ന മുന്നോക്കന്‍ ചാനല്‍ മാറ്റി.. ഒപ്പം കമന്റും.. ഇവന്റെയൊക്കെ പരിപാടിക്കു് ആരു പോകും.... (ബാക്കി എഴുതാന്‍ കൊള്ളില്ല)

ഇനിയൊരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവുണ്ട്. പക്ഷേ ആളെ നിയമിക്കില്ല... കാരണം മുന്നോക്കന്‍ മേലധികാരിക്കറിയാം വരാന്‍ പോകുന്നത് പിന്നോക്ക വിഭാഗത്തിലെ ആരെങ്കിലും ആയിരിക്കുമെന്ന്. ഞാനെന്തിനാ വെറുതെ കുരിശ് തലയിലെടുക്കുന്നതെന്ന് കമന്റ്...

പറഞ്ഞു വന്നത്, സംവരണം കൊണ്ട് നമുക്ക് പിന്നോക്കക്കാരെ മുന്നോട്ട് കൊണ്ടു വരാം. പക്ഷേ സമൂഹത്തില്‍ അവരെന്നും പിന്നോട്ട് തന്നെയായിരിക്കും. മാറേണ്ടത് സമൂഹത്തിന്റെ മനസ്സും സമീപനവുമാണ്. പ്രത്യേകിച്ചും ഭൂരിപക്ഷം വരുന്ന മുന്നോക്കക്കാരുടെ. അതിനെന്തു ചെയ്യും? ഇന്നത്തെ അവസ്ഥയില്‍ പിന്നോക്ക വിഭാഗങ്ങളെ സഹായിച്ചിട്ട് എനിക്കെന്തു കിട്ടും എന്നൊരു ചോദ്യം ഉത്തരം കിട്ടാതെയുണ്ട്. അതിനാര് ഉത്തരം പറയും?

ആരും ഉത്തരം പറയില്ല. പകരം ചില ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യും... തേങ്ങയിടാന്‍ ആളില്ല.... പാടത്തിറങ്ങാന്‍ ആളില്ല.... അതിന്റെ കൂടെ പറയുന്ന കമന്റുകള്‍ എഴുതുന്നില്ല.

ഒരിക്കല്‍ക്കൂടി പറയാം, ഞാന്‍ പറയുന്നത് ബഹുഭൂരിപക്ഷം ആള്‍ക്കാരെക്കുറിച്ചാണ്. അവര്‍ക്ക് പ്രത്യേകിച്ച് സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക പ്രതിബദ്ധതയൊന്നുമില്ല.

ഇതിനേക്കാള്‍ കഷ്ടമാണ് ഉത്തരേന്ത്യയിലെ കാര്യം. അതിനെക്കുറിച്ചും എഴുതുന്നില്ല.

പിന്നോക്കക്കാര്‍ക്ക് കഴിവു കൊണ്ട് മാത്രം ഉയര്‍ന്നു വരാനാവില്ല, ഇന്നത്തെ സാഹചര്യത്തില്‍. സംവരണത്തിന്റെ സഹായത്തോടെ ഇതാണ് സ്ഥിതിയെങ്കില്‍, സംവരണമില്ലാത്ത അവസ്ഥ ആലോചിച്ചു നോക്കൂ?

സംവരണത്തെക്കുറിച്ച് പിന്നോക്ക ജനതയ്ക്ക് അറിയില്ലെന്നതാണ് മറ്റൊരു വസ്തുത. അത്രയ്ക്ക് വലിയ ഇരുട്ടിലാണവര്‍. ഇന്നിപ്പോള്‍ IIT/IIM/Medical വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നു. സത്യത്തില്‍ അവരെത്ര ന്യൂനപക്ഷമാണ്.... ഒന്നാലോചിക്കൂ... സംവരണത്തെക്കുറിച്ച് അതിന്റെ അവകാശികള്‍ക്ക് അറിവുണ്ടായിരുന്നെങ്കില്‍... ഈ സമരത്തെക്കുറിച്ച് അവര്‍ അറിഞ്ഞിരുന്നെങ്കില്‍.... ഒരു കടന്നല്‍ക്കൂടിളകി വന്നാല്‍ എങ്ങനെയിരിക്കും. അതു പോലെയാവും ആ പ്രതികരണം. സമരം ചെയ്യുന്നവരറിയുന്നില്ല, അവര്‍ സമരം ചെയ്യുന്നത് അറിയേണ്ടവര്‍ അറിയുന്നില്ലെന്ന്!!!

സംവരണം സമത്വത്തിനു വേണ്ടിയല്ല, നിലനില്പിനു വേണ്ടിയാണ് സുഹൃത്തേ.... ഇല്ലെങ്കില്‍ പണച്ചാക്കുകള്‍ക്കിടയില്‍ ഇവരുടെ കുടിലുകള്‍ ഞെരിഞ്ഞമര്‍ന്നു പോകും.

Thursday, April 27, 2006

എന്താണ് ഇവിടെ കമന്റുകള്‍ ഇല്ലാത്തത്?

ബ്ലോഗുകള്‍ കൂടുതല്‍ നന്നാകുന്നത് പോസ്റ്റുകള്‍ക്കൊപ്പം കമന്റുകള്‍ ഇല്ലാതാകുമ്പോള്‍ എന്നാണെന്നാണെന്റെ പക്ഷം. പിന്നെ? നിങ്ങള്‍ ഒരു കമന്റ് ബ്ലോഗ് തുടങ്ങുക. എന്നിട്ട് നിങ്ങളുടെ കമന്റുകള്‍ അവിടെ പോസ്റ്റ് ചെയ്യുക. എന്നിട്ട് ബാക്ക് ലിങ്ക് ചെയ്യുക. എന്താ ശരിയല്ലേ? സംശയമുണ്ടെങ്കില്‍ സിബുവിന്റെയും ബെന്നിയുടെയും ബ്ലോഗിലെ “മറുപടി പോസ്റ്റുകള്‍” വായിച്ചാലറിയാം!!!

അപ്പോള്‍ ഇതാണെന്റെ കമന്റ് ബ്ലോഗ്.

"Reasonable people adapt themselves to the world. Unreasonable people attempt to adapt the world to themselves. All progress, therefore, depends on unreasonable people" --George Bernard Shaw