Friday, April 28, 2006

സംവരണം എന്തിന്?

ശ്രീജിത്തിന്റെ പോസ്റ്റിനുള്ള മറുപടി

സംവരണത്തെ അനുകൂലിക്കുന്നവര്‍ അതിന്റെ ആനുകൂല്യം ലഭിക്കുന്നവരും സംവരണത്തെ പ്രതികൂലിക്കുന്നവര്‍ അതിനാല്‍ നഷ്ടം സംഭവിക്കുന്നവരുമാണ്.

ഇതല്ലേ സത്യം? ഞാന്‍ പറയുന്നത് സാംസ്കാരികമായി, ജാതിക്കതീതമായി ചിന്തിക്കാന്‍ കഴിയുന്ന ന്യൂനപക്ഷത്തെക്കുറിച്ചല്ല. ബഹുഭൂരിപക്ഷം മലയാളികളുടെ മനസ്സിലിരിപ്പിനെക്കുറിച്ചാണ്. തല്‍ക്കാലം മലയാളി മനസ്സ് വളരെ ഇടുങ്ങിയ ചിന്താഗതികളില്‍ കുടുങ്ങിക്കിടക്കുകയാണെന്നതാണ് വാസ്തവം. മക്കള്‍ക്ക് സംവരണം ലഭിക്കാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ്, ചെറിയ തോതില്‍ ജാതിയില്‍ തിരിമറി നടത്തിയവരുണ്ട്. പക്ഷേ അവരും തീരെയങ്ങ് താഴാന്‍ തയ്യാറായില്ല. സംവരണം കിട്ടാന്‍ വേണ്ട് കാശ് കൊടുത്ത് ജാതിസര്‍ട്ടിഫിക്കറ്റുകള്‍ തരമാക്കിയവരുമുണ്ട്. സംവരണത്തെ എതിര്‍ക്കുന്നവര്‍ തന്നെയാണ്, മാനേജ്മെന്റ് ക്വോട്ടയെ എതിര്‍ത്തതും, കാരണം കാശില്ല എന്നതു തന്നെ. ചുരുക്കത്തില്‍ സമൂഹത്തെക്കുറിച്ചോ, പിന്നോക്കക്കാരെക്കുറിച്ചോ ഒന്നും ആരും ചിന്തിക്കുന്നില്ല. എല്ലാവര്‍ക്കും സ്വന്തം കാര്യം സിന്ദാബാദ്.

ഒരിക്കല്‍ക്കൂടി പറയാം, ഞാന്‍ പറയുന്നത് ബഹുഭൂരിപക്ഷം ആള്‍ക്കാരെക്കുറിച്ചാണ്. അവര്‍ക്ക് പ്രത്യേകിച്ച് സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക പ്രതിബദ്ധതയൊന്നുമില്ല.

സംവരണം കൊണ്ട് ആരുടെയെങ്കിലും ചിന്താഗതി മാറുമോ? സംവരണത്തെ അനുകൂലിക്കുന്നവര്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. നമുക്ക് സംവരണ മണ്ഡലങ്ങളുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന കാര്യം ചര്‍ച്ച ചെയ്തപ്പോള്‍, ഒരു മുന്നോക്കന്‍ പറഞ്ഞതെന്താണെന്നോ - ഞാന്‍ വോട്ട് ചെയ്യുന്നില്ല... ഞങ്ങടേത് സംവരണ മണ്ഡലമാ... നമ്മളെന്തിനാ ഇവനൊക്കെ വോട്ട് ചെയ്യുന്നത്?.

ഇനി സംവരണമൊക്കെ കഴിഞ്ഞ് ഒരാള്‍ കളക്ടറാ‍യി... മുന്നോക്കന്‍ പറയുന്നതോ... ഓ അവന്‍ മറ്റതാ.... വിശേഷണം ചേര്‍ത്തേ ജനം ബഹു കളക്ടറെക്കുറിച്ച് സംസാരിക്കൂ...

കലാഭവന്‍ മണിയുടെ ഒരു പ്രോഗ്രാം ടി. വി യില്‍ കാണിക്കുന്നു. ആഡിറ്റോറിയത്തില്‍ നല്ല ആളുണ്ട്. കണ്ടിരുന്ന മുന്നോക്കന്‍ ചാനല്‍ മാറ്റി.. ഒപ്പം കമന്റും.. ഇവന്റെയൊക്കെ പരിപാടിക്കു് ആരു പോകും.... (ബാക്കി എഴുതാന്‍ കൊള്ളില്ല)

ഇനിയൊരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവുണ്ട്. പക്ഷേ ആളെ നിയമിക്കില്ല... കാരണം മുന്നോക്കന്‍ മേലധികാരിക്കറിയാം വരാന്‍ പോകുന്നത് പിന്നോക്ക വിഭാഗത്തിലെ ആരെങ്കിലും ആയിരിക്കുമെന്ന്. ഞാനെന്തിനാ വെറുതെ കുരിശ് തലയിലെടുക്കുന്നതെന്ന് കമന്റ്...

പറഞ്ഞു വന്നത്, സംവരണം കൊണ്ട് നമുക്ക് പിന്നോക്കക്കാരെ മുന്നോട്ട് കൊണ്ടു വരാം. പക്ഷേ സമൂഹത്തില്‍ അവരെന്നും പിന്നോട്ട് തന്നെയായിരിക്കും. മാറേണ്ടത് സമൂഹത്തിന്റെ മനസ്സും സമീപനവുമാണ്. പ്രത്യേകിച്ചും ഭൂരിപക്ഷം വരുന്ന മുന്നോക്കക്കാരുടെ. അതിനെന്തു ചെയ്യും? ഇന്നത്തെ അവസ്ഥയില്‍ പിന്നോക്ക വിഭാഗങ്ങളെ സഹായിച്ചിട്ട് എനിക്കെന്തു കിട്ടും എന്നൊരു ചോദ്യം ഉത്തരം കിട്ടാതെയുണ്ട്. അതിനാര് ഉത്തരം പറയും?

ആരും ഉത്തരം പറയില്ല. പകരം ചില ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യും... തേങ്ങയിടാന്‍ ആളില്ല.... പാടത്തിറങ്ങാന്‍ ആളില്ല.... അതിന്റെ കൂടെ പറയുന്ന കമന്റുകള്‍ എഴുതുന്നില്ല.

ഒരിക്കല്‍ക്കൂടി പറയാം, ഞാന്‍ പറയുന്നത് ബഹുഭൂരിപക്ഷം ആള്‍ക്കാരെക്കുറിച്ചാണ്. അവര്‍ക്ക് പ്രത്യേകിച്ച് സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക പ്രതിബദ്ധതയൊന്നുമില്ല.

ഇതിനേക്കാള്‍ കഷ്ടമാണ് ഉത്തരേന്ത്യയിലെ കാര്യം. അതിനെക്കുറിച്ചും എഴുതുന്നില്ല.

പിന്നോക്കക്കാര്‍ക്ക് കഴിവു കൊണ്ട് മാത്രം ഉയര്‍ന്നു വരാനാവില്ല, ഇന്നത്തെ സാഹചര്യത്തില്‍. സംവരണത്തിന്റെ സഹായത്തോടെ ഇതാണ് സ്ഥിതിയെങ്കില്‍, സംവരണമില്ലാത്ത അവസ്ഥ ആലോചിച്ചു നോക്കൂ?

സംവരണത്തെക്കുറിച്ച് പിന്നോക്ക ജനതയ്ക്ക് അറിയില്ലെന്നതാണ് മറ്റൊരു വസ്തുത. അത്രയ്ക്ക് വലിയ ഇരുട്ടിലാണവര്‍. ഇന്നിപ്പോള്‍ IIT/IIM/Medical വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നു. സത്യത്തില്‍ അവരെത്ര ന്യൂനപക്ഷമാണ്.... ഒന്നാലോചിക്കൂ... സംവരണത്തെക്കുറിച്ച് അതിന്റെ അവകാശികള്‍ക്ക് അറിവുണ്ടായിരുന്നെങ്കില്‍... ഈ സമരത്തെക്കുറിച്ച് അവര്‍ അറിഞ്ഞിരുന്നെങ്കില്‍.... ഒരു കടന്നല്‍ക്കൂടിളകി വന്നാല്‍ എങ്ങനെയിരിക്കും. അതു പോലെയാവും ആ പ്രതികരണം. സമരം ചെയ്യുന്നവരറിയുന്നില്ല, അവര്‍ സമരം ചെയ്യുന്നത് അറിയേണ്ടവര്‍ അറിയുന്നില്ലെന്ന്!!!

സംവരണം സമത്വത്തിനു വേണ്ടിയല്ല, നിലനില്പിനു വേണ്ടിയാണ് സുഹൃത്തേ.... ഇല്ലെങ്കില്‍ പണച്ചാക്കുകള്‍ക്കിടയില്‍ ഇവരുടെ കുടിലുകള്‍ ഞെരിഞ്ഞമര്‍ന്നു പോകും.