Friday, April 28, 2006

സ്മാര്‍ട്ട് സിറ്റി

സ്മാര്‍ട്ട് സിറ്റി

ദീപക്കും ബെന്നിയും ചെയ്തത് നല്ല കാര്യം. പക്ഷേ ഈ ഇടതു പക്ഷം പറയുന്ന ഒരു വാദം കൂടി പൊളിച്ചു കാണിക്കണമായിരുന്നു.

“സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിടുന്നതും നടപ്പിലാക്കുന്നതും റിയല്‍ എസ്റ്റേറ്റ് കമ്പനികളാണ്”

അത് സത്യം തന്നെ. അതിലെന്താ കുഴപ്പം? ലോകത്തെ മിക്ക ഐ. ടി പാര്‍ക്കുകളും നിര്‍മ്മിക്കുന്നത് റിയല്‍ എസ്റ്റേറ്റ്കാരാണ്. ഐ. ടി കമ്പനികള്‍ക്ക് കെട്ടിടമുണ്ടാക്കലല്ല പണി. എപ്പോഴും അവര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ (infrastructure development) ചെയ്തു കൊടുക്കുന്നത് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ തന്നെയാണ്. അല്ലാതെ മൈക്രോസോഫ്റ്റും ഓറക്കിളുമൊന്നും കെട്ടിടം പണിയാനോ അനുബന്ധസൌകര്യങ്ങള്‍ ഉണ്ടാക്കാനോ ശ്രമിക്കില്ല. അതിനവര്‍ക്ക് സമയവും പരിചവും ഇല്ല എന്നതു തന്നെ കാരണം. അതുകൊണ്ട് ഇടതുപക്ഷം ആ പുകമറ അങ്ങ് മാറ്റിയാല്‍ നന്ന്.

അപ്പോള്‍ പുകമറ ഇടതും വലതും ഒരുപോലെ ഉണ്ടാക്കുന്നുണ്ടെന്ന് മനസ്സിലായില്ലേ!!!

സംവരണം എന്തിന്?

ശ്രീജിത്തിന്റെ പോസ്റ്റിനുള്ള മറുപടി

സംവരണത്തെ അനുകൂലിക്കുന്നവര്‍ അതിന്റെ ആനുകൂല്യം ലഭിക്കുന്നവരും സംവരണത്തെ പ്രതികൂലിക്കുന്നവര്‍ അതിനാല്‍ നഷ്ടം സംഭവിക്കുന്നവരുമാണ്.

ഇതല്ലേ സത്യം? ഞാന്‍ പറയുന്നത് സാംസ്കാരികമായി, ജാതിക്കതീതമായി ചിന്തിക്കാന്‍ കഴിയുന്ന ന്യൂനപക്ഷത്തെക്കുറിച്ചല്ല. ബഹുഭൂരിപക്ഷം മലയാളികളുടെ മനസ്സിലിരിപ്പിനെക്കുറിച്ചാണ്. തല്‍ക്കാലം മലയാളി മനസ്സ് വളരെ ഇടുങ്ങിയ ചിന്താഗതികളില്‍ കുടുങ്ങിക്കിടക്കുകയാണെന്നതാണ് വാസ്തവം. മക്കള്‍ക്ക് സംവരണം ലഭിക്കാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ്, ചെറിയ തോതില്‍ ജാതിയില്‍ തിരിമറി നടത്തിയവരുണ്ട്. പക്ഷേ അവരും തീരെയങ്ങ് താഴാന്‍ തയ്യാറായില്ല. സംവരണം കിട്ടാന്‍ വേണ്ട് കാശ് കൊടുത്ത് ജാതിസര്‍ട്ടിഫിക്കറ്റുകള്‍ തരമാക്കിയവരുമുണ്ട്. സംവരണത്തെ എതിര്‍ക്കുന്നവര്‍ തന്നെയാണ്, മാനേജ്മെന്റ് ക്വോട്ടയെ എതിര്‍ത്തതും, കാരണം കാശില്ല എന്നതു തന്നെ. ചുരുക്കത്തില്‍ സമൂഹത്തെക്കുറിച്ചോ, പിന്നോക്കക്കാരെക്കുറിച്ചോ ഒന്നും ആരും ചിന്തിക്കുന്നില്ല. എല്ലാവര്‍ക്കും സ്വന്തം കാര്യം സിന്ദാബാദ്.

ഒരിക്കല്‍ക്കൂടി പറയാം, ഞാന്‍ പറയുന്നത് ബഹുഭൂരിപക്ഷം ആള്‍ക്കാരെക്കുറിച്ചാണ്. അവര്‍ക്ക് പ്രത്യേകിച്ച് സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക പ്രതിബദ്ധതയൊന്നുമില്ല.

സംവരണം കൊണ്ട് ആരുടെയെങ്കിലും ചിന്താഗതി മാറുമോ? സംവരണത്തെ അനുകൂലിക്കുന്നവര്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. നമുക്ക് സംവരണ മണ്ഡലങ്ങളുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന കാര്യം ചര്‍ച്ച ചെയ്തപ്പോള്‍, ഒരു മുന്നോക്കന്‍ പറഞ്ഞതെന്താണെന്നോ - ഞാന്‍ വോട്ട് ചെയ്യുന്നില്ല... ഞങ്ങടേത് സംവരണ മണ്ഡലമാ... നമ്മളെന്തിനാ ഇവനൊക്കെ വോട്ട് ചെയ്യുന്നത്?.

ഇനി സംവരണമൊക്കെ കഴിഞ്ഞ് ഒരാള്‍ കളക്ടറാ‍യി... മുന്നോക്കന്‍ പറയുന്നതോ... ഓ അവന്‍ മറ്റതാ.... വിശേഷണം ചേര്‍ത്തേ ജനം ബഹു കളക്ടറെക്കുറിച്ച് സംസാരിക്കൂ...

കലാഭവന്‍ മണിയുടെ ഒരു പ്രോഗ്രാം ടി. വി യില്‍ കാണിക്കുന്നു. ആഡിറ്റോറിയത്തില്‍ നല്ല ആളുണ്ട്. കണ്ടിരുന്ന മുന്നോക്കന്‍ ചാനല്‍ മാറ്റി.. ഒപ്പം കമന്റും.. ഇവന്റെയൊക്കെ പരിപാടിക്കു് ആരു പോകും.... (ബാക്കി എഴുതാന്‍ കൊള്ളില്ല)

ഇനിയൊരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവുണ്ട്. പക്ഷേ ആളെ നിയമിക്കില്ല... കാരണം മുന്നോക്കന്‍ മേലധികാരിക്കറിയാം വരാന്‍ പോകുന്നത് പിന്നോക്ക വിഭാഗത്തിലെ ആരെങ്കിലും ആയിരിക്കുമെന്ന്. ഞാനെന്തിനാ വെറുതെ കുരിശ് തലയിലെടുക്കുന്നതെന്ന് കമന്റ്...

പറഞ്ഞു വന്നത്, സംവരണം കൊണ്ട് നമുക്ക് പിന്നോക്കക്കാരെ മുന്നോട്ട് കൊണ്ടു വരാം. പക്ഷേ സമൂഹത്തില്‍ അവരെന്നും പിന്നോട്ട് തന്നെയായിരിക്കും. മാറേണ്ടത് സമൂഹത്തിന്റെ മനസ്സും സമീപനവുമാണ്. പ്രത്യേകിച്ചും ഭൂരിപക്ഷം വരുന്ന മുന്നോക്കക്കാരുടെ. അതിനെന്തു ചെയ്യും? ഇന്നത്തെ അവസ്ഥയില്‍ പിന്നോക്ക വിഭാഗങ്ങളെ സഹായിച്ചിട്ട് എനിക്കെന്തു കിട്ടും എന്നൊരു ചോദ്യം ഉത്തരം കിട്ടാതെയുണ്ട്. അതിനാര് ഉത്തരം പറയും?

ആരും ഉത്തരം പറയില്ല. പകരം ചില ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യും... തേങ്ങയിടാന്‍ ആളില്ല.... പാടത്തിറങ്ങാന്‍ ആളില്ല.... അതിന്റെ കൂടെ പറയുന്ന കമന്റുകള്‍ എഴുതുന്നില്ല.

ഒരിക്കല്‍ക്കൂടി പറയാം, ഞാന്‍ പറയുന്നത് ബഹുഭൂരിപക്ഷം ആള്‍ക്കാരെക്കുറിച്ചാണ്. അവര്‍ക്ക് പ്രത്യേകിച്ച് സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക പ്രതിബദ്ധതയൊന്നുമില്ല.

ഇതിനേക്കാള്‍ കഷ്ടമാണ് ഉത്തരേന്ത്യയിലെ കാര്യം. അതിനെക്കുറിച്ചും എഴുതുന്നില്ല.

പിന്നോക്കക്കാര്‍ക്ക് കഴിവു കൊണ്ട് മാത്രം ഉയര്‍ന്നു വരാനാവില്ല, ഇന്നത്തെ സാഹചര്യത്തില്‍. സംവരണത്തിന്റെ സഹായത്തോടെ ഇതാണ് സ്ഥിതിയെങ്കില്‍, സംവരണമില്ലാത്ത അവസ്ഥ ആലോചിച്ചു നോക്കൂ?

സംവരണത്തെക്കുറിച്ച് പിന്നോക്ക ജനതയ്ക്ക് അറിയില്ലെന്നതാണ് മറ്റൊരു വസ്തുത. അത്രയ്ക്ക് വലിയ ഇരുട്ടിലാണവര്‍. ഇന്നിപ്പോള്‍ IIT/IIM/Medical വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നു. സത്യത്തില്‍ അവരെത്ര ന്യൂനപക്ഷമാണ്.... ഒന്നാലോചിക്കൂ... സംവരണത്തെക്കുറിച്ച് അതിന്റെ അവകാശികള്‍ക്ക് അറിവുണ്ടായിരുന്നെങ്കില്‍... ഈ സമരത്തെക്കുറിച്ച് അവര്‍ അറിഞ്ഞിരുന്നെങ്കില്‍.... ഒരു കടന്നല്‍ക്കൂടിളകി വന്നാല്‍ എങ്ങനെയിരിക്കും. അതു പോലെയാവും ആ പ്രതികരണം. സമരം ചെയ്യുന്നവരറിയുന്നില്ല, അവര്‍ സമരം ചെയ്യുന്നത് അറിയേണ്ടവര്‍ അറിയുന്നില്ലെന്ന്!!!

സംവരണം സമത്വത്തിനു വേണ്ടിയല്ല, നിലനില്പിനു വേണ്ടിയാണ് സുഹൃത്തേ.... ഇല്ലെങ്കില്‍ പണച്ചാക്കുകള്‍ക്കിടയില്‍ ഇവരുടെ കുടിലുകള്‍ ഞെരിഞ്ഞമര്‍ന്നു പോകും.

Thursday, April 27, 2006

എന്താണ് ഇവിടെ കമന്റുകള്‍ ഇല്ലാത്തത്?

ബ്ലോഗുകള്‍ കൂടുതല്‍ നന്നാകുന്നത് പോസ്റ്റുകള്‍ക്കൊപ്പം കമന്റുകള്‍ ഇല്ലാതാകുമ്പോള്‍ എന്നാണെന്നാണെന്റെ പക്ഷം. പിന്നെ? നിങ്ങള്‍ ഒരു കമന്റ് ബ്ലോഗ് തുടങ്ങുക. എന്നിട്ട് നിങ്ങളുടെ കമന്റുകള്‍ അവിടെ പോസ്റ്റ് ചെയ്യുക. എന്നിട്ട് ബാക്ക് ലിങ്ക് ചെയ്യുക. എന്താ ശരിയല്ലേ? സംശയമുണ്ടെങ്കില്‍ സിബുവിന്റെയും ബെന്നിയുടെയും ബ്ലോഗിലെ “മറുപടി പോസ്റ്റുകള്‍” വായിച്ചാലറിയാം!!!

അപ്പോള്‍ ഇതാണെന്റെ കമന്റ് ബ്ലോഗ്.

"Reasonable people adapt themselves to the world. Unreasonable people attempt to adapt the world to themselves. All progress, therefore, depends on unreasonable people" --George Bernard Shaw