Sunday, May 14, 2006

ഇടതുപക്ഷം അറിയേണ്ടത്

കേരള രാഷ്ട്രീയത്തില്‍ ഒരു തരം ഒത്തുതീര്‍പ്പുകള്‍ മാത്രമാണ് നടക്കുകയെന്ന് തോന്നാറുണ്ട്. അഞ്ച് വര്‍ഷം ഒരാള്‍, അടുത്ത അഞ്ച് വര്‍ഷം അടുത്തയാള്‍.... അങ്ങനെ മാറിയും തിരിഞ്ഞും വരുന്ന ഭരണം/രാഷ്ട്രീയം. മലയാളിയുടെ രാഷ്ട്രീയബോധമില്ലായ്മയും മറവിയുമാണ് ഇതിന്റെ കാരണമെന്നു തോന്നുന്നു.

പക്ഷേ ഇടതുപക്ഷപ്രസ്ഥനത്തിന് അതേ മറവിയുണ്ടായാലോ? ഉണ്ടാവരുത്.

എന്തു കൊണ്ടാണ് ഇപ്പോള്‍ ജയിച്ചതെന്നല്ല ഇടതുപക്ഷം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. പകരം എന്തു കൊണ്ടാണ് കഴിഞ്ഞ തവണ തോറ്റതെന്നായിരിക്കണം.
എക്സ്പ്രസ് വേയും സ്മാര്‍ട്ട് സിറ്റിയുമല്ല, പകരം കേരളത്തിന്റെ വികസനം എങ്ങനെ എന്നാണ് ചര്‍ച്ച ചെയ്യേണ്ടത്.
ആര്‍ക്കാണ് മന്ത്രിയാവേണ്ടത് എന്നല്ല, ജനകീയാസൂത്രണം നടപ്പിലാക്കിയപ്പോള്‍ വന്ന പാളിച്ചകളെന്ത് എന്നാവണം ചര്‍ച്ച ചെയ്യേണ്ടത്.

അല്ലെങ്കില്‍, അഞ്ചു വര്‍ഷത്തിനുശേഷം വീണ്ടും പരാജയം രുചിക്കാം. ഒത്തുതീര്‍പ്പുകള്‍ തുടരാം. ബോധമുള്ള ന്യൂനപക്ഷമലയാളികളെ രാഷ്ട്രീയബോധമില്ലാത്ത ഭൂരിപക്ഷത്തേക്ക് തള്ളി വിടാം.

Thursday, May 11, 2006

പൂത്തുലയുന്ന ഇടതുപക്ഷം

ഇടതുപക്ഷം പിന്നെയും അധികാരത്തിലെത്തുമ്പോള്‍ അവരെ കാത്തിരിക്കുന്നത് കൂടുതല്‍ സങ്കീര്‍ണ്ണങ്ങളായ പ്രശ്നങ്ങളാണ്. ആര് മുഖ്യമന്ത്രിയാകും എന്ന ഉള്‍പ്പാര്‍ട്ടി തര്‍ക്കം മുതല്‍ പ്രശ്നങ്ങള്‍ തുടങ്ങും. പിന്നെ സ്മാര്‍ട്ട്സിറ്റിയെന്ന പ്രശ്നം അധികം താമസിയാതെ മുന്നിലെത്തും. അവിടെയാവും ഈ മന്ത്രിസഭയുടെ ഭാവി നിര്‍ണ്ണയിക്കപ്പെടുകയെന്നു തോന്നുന്നു. സ്മാര്‍ട്ട്സിറ്റിയെ വേണ്ട മാറ്റങ്ങളോടെ നടപ്പിലാക്കാന്‍ ഇടതു പക്ഷത്തിനു കഴിയുമോ?

സ്മാര്‍ട്ട്സിറ്റിയെക്കാള്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടെന്നത് വി. എസിനറിയാം. പക്ഷേ മറുപക്ഷത്തിന്റെ പിന്തുണ വി. എസിനില്ലാത്തത് ഒരു പ്രശ്നമാകും. പക്ഷേ ഭൂരിപക്ഷം വരുന്ന കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് ക്രിയാത്മകമായ പരിഹാരങ്ങളൊന്നും മുന്നിലില്ല എന്നതായിരിക്കും ഇടതു പക്ഷം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കാര്‍ഷിക മേഖലയെ ഇനി പുനരുദ്ധരിക്കാമെന്ന വിശ്വാസം ആര്‍ക്കും ഉണ്ടെന്നു തോന്നുന്നില്ല. തെങ്ങ്/നെല്ല് - ഇവ രണ്ടും ഇനി കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ സഹായിക്കാനാവാത്ത വിധം തളര്‍ന്നു കിടക്കുന്ന മേഖലകളാണ്. കേരളത്തില്‍ നെല്ലും തേങ്ങയും കുറഞ്ഞ ചിലവില്‍ ഉത്പാദിപ്പിക്കാമെന്ന പ്രതീക്ഷയും ഇനി വേണ്ട. ഏതാണ് അതേ അവസ്ഥ തന്നെയാണ് കയറ്റുമതി ചെയ്യപ്പെടുന്ന നാണ്യവിളകളുടെ കാര്യവും. അന്താരാഷ്ട്ര വിപണിയില്‍ വിലപിടിച്ചു നിര്‍ത്താല്‍ കഴിയാത്തിടത്തോളം, കര്‍ഷകന് അവിടെയും രക്ഷയില്ല. വളരെ ചെറുകിട കര്‍ഷകരാണ് നമുക്കുള്ളത്. ആഭ്യന്തരവിപണിയില്‍ പിടിച്ചു നില്‍ക്കാനല്ലാതെ, അന്താരാഷ്ട്രവിപണിയില്‍ കളിക്കാനുള്ള കരുത്ത് കേരളത്തിലെ കര്‍ഷകനുണ്ടോ എന്നതു സംശയം. കേരളത്തിലെ കര്‍ഷകനെ രക്ഷിക്കാനുള്ള ഒരു മാര്‍ഗ്ഗം ഭക്ഷ്യസംസ്കരണ വ്യവസായം ആയിരിക്കുമെന്നു തോന്നുന്നു. പക്ഷേ ആ മാറ്റം തുടങ്ങി വയ്ക്കാനുള്ള കരുത്ത്/ചിന്ത ഇടതുപക്ഷത്തിനുണ്ടോ?

കശുവണ്ടി/കയര്‍ വ്യവസായവും തകര്‍ച്ചയിലാണ്. അവിടെയും പ്രശ്നം ഉത്പാദനച്ചിലവ് തന്നെ. പക്ഷെ കാര്‍ഷികമേഖലയെക്കാളും പ്രതീക്ഷയുള്ള ഇടമാണിതെന്നു തോന്നുന്നു. പ്രത്യേകിച്ചും ക്വാളിറ്റിയുടെ കാര്യത്തില്‍ കേരളത്തിനുള്ള മുന്‍‌തൂക്കം മുതലെടുക്കാനാവുമെങ്കില്‍...

ഇവിടെയെല്ലാമുള്ള വലിയൊരു പ്രശ്നമുണ്ട്. മലയാളിയുടെ ജീവിത നിലവാരം ഇന്ത്യയിലെയും അതുപോലെ നമ്മള്‍ മത്സരിക്കുന്ന മറ്റു രാജ്യങ്ങളിലെയും ജീവിതനിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ഉയര്‍ന്നതാണ്. അപ്പോള്‍ അതിനനുസരിച്ച് ജീവിതച്ചിലവും, ഉത്പാദനച്ചിലവും വര്‍ദ്ധിക്കുകയും ചെയ്യും. ചീനയില്‍ വമ്പന്‍ സമ്പദ്‌വ്യവസ്ഥയാണെങ്കിലും കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജീവിത നിലവാരം വളരെ താഴ്ന്നതും ഉത്പാദനച്ചിലവ് വളരെ തുച്ഛവുമാണ്. അതിനാലാണല്ലോ അവര്‍ക്ക് കയറ്റുമതി ചെയ്യുന്ന വസ്തുക്കള്‍ കുറഞ്ഞ ചിലവില്‍ വില്‍ക്കാന്‍ കഴിയുന്നതിന്റെ ഒരു കാരണം. കയറ്റിറക്കു നികുതികളിലെ വ്യത്യാസവും മറ്റൊരു കാരണം തന്നെ. ഇതിനൊരു പോം വഴി കുറഞ്ഞ ചിലവില്‍ കൂലിക്കാളിനെ ഇറക്കുകയെന്നതാണ്. പക്ഷേ നമ്മുടെ ചെറുകിട കര്‍ഷകര്‍ക്ക് അതിനു കഴിയുമോ?

കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്നം കാര്‍ഷിക സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് മുന്നോട്ട് പോകുന്നത് എങ്ങനെയെന്നതാണ്. യൂറോപ്പും അമേരിക്കയും കാര്‍ഷിക വ്യവസ്ഥയില്‍ നിന്ന്, വ്യാവസായിക വിപ്ലവത്തിലൂടെ ആ മുന്നേറ്റം നടത്തിയപ്പോള്‍, കേരളം വ്യാവസായിക മേഖലയെ തഴഞ്ഞു കൊണ്ടാണ് ഈ മുന്നേറ്റത്തിനു ശ്രമിക്കുന്നത്. അത് എത്രമാത്രം ഫലപ്രദമാകും? ഇടതുമുന്നണിക്ക് അത്രയും കരുത്തും ദീര്‍ഘദര്‍ശനവും ഉണ്ടോ?

ടൂറിസം മേഖലയെ വളര്‍ത്തുകയും ബഹുഭൂരിപക്ഷം വരുന്ന കാര്‍ഷികമേഖലയിലെ പണിക്കാരെ ടൂറിസം മേഖലയിലേക്കു മാറ്റുവാനും കഴിഞ്ഞാല്‍ ഒരു വലിയ തൊഴിലില്ലായ്മപ്രശ്നം പരിഹരിക്കാന്‍ പറ്റും. sslc/degree/pg കഴിഞ്ഞ് പാടത്തിറങ്ങാന്‍ മടിച്ച് നടക്കുന്ന ഒരു വലിയ വിഭാഗത്തിന് ടൂറിസം മേഖലയിലേക്ക് മാറാന്‍ ബുദ്ധിമുട്ടുണ്ടകുമെന്നു തോന്നുന്നില്ല. ഒപ്പം സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നിറങ്ങുന്നവര്‍ക്ക് ഐ. ടി മേഖലയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയണം.

പ്രശ്നം കാഴ്ചപ്പാടുകളുടേതാണ്. മലയാളി ജനതയുടെ ചിന്തകളെ/കാഴ്ചപ്പാടുകളെ മാറ്റിയെഴുതാന്‍ ഇടതുപക്ഷത്തിനു കഴിയുമോ? കഴിയണം. “നമ്മള് കൊയ്യും വയലുകളെല്ലാം, നമ്മുടെതാകും പൈങ്കിളിയേ... “ എന്ന് ഒരു ജനതയെക്കൊണ്ട് ആവേശപൂര്‍വ്വം പാടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കില്‍, ഒരിക്കല്‍ക്കൂടി മലയാളിയുടെ മനസ്സിനെ മാറ്റിയെടുക്കാന്‍ ഇടതുപക്ഷത്തിനു കഴിയും. അല്ല, അവര്‍ക്കു മാത്രമേ അതിനു കഴിയൂ!! ക്ഷ്ഒരു മാറ്റത്തിനു പ്രതീക്ഷിച്ചുകൊണ്ട്....